2018, മാർച്ച് 28

സയൻസും മാധ്യമങ്ങളും കേരളത്തില്‍Contested Knowledge: Science, Media, and Democracy in Kerala (Oxford University Press, 2017) എന്ന എന്‍റെ പുസ്തകത്തെ ക്കുറിച്ച് തൃശൂരില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും
29.12.2017

ശാസ്ത്രം വിമർശിക്കപ്പെടേണ്ടതുണ്ടോ?


ആധുനിക ശാസ്ത്രവും  സാങ്കേതിക വിദ്യകളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. ബഹുരൂപിയായി അത് നിത്യജീവിതത്ത ചൂഴ്ന്ന് നില്ക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രീയ പൊതുമണ്ഡലത്തിലും ശാസ്ത്രം സജീവ ചർച്ചാ വിഷയമാണ്. ദേശീയ രാഷ്ട്രീയത്തിൽ കുറേക്കാലമായി ശാസ്ത്രം വലതുപക്ഷാക്രമണങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്നു. മലയാളികളാവട്ടെ എക്കാലത്തെക്കാളും കൂടുതലായി ഇന്ന് ശാസ്ത്രത്തെ സംബന്ധിച്ച ചർച്ചകളിലും വിവാദങ്ങളിലും ഉത്സാഹപൂർവ്വം മുഴുകുന്നു. ആധുനിക ശാസ്ത്രവുമായി ഇടപെടാതെ സാമൂഹിക-രാഷ്ട്രീയ ജീവിതം സാധ്യമാകാത്ത സാഹചര്യമാണിന്ന്. ഇതു സൂചിപ്പിക്കുന്നത് ശാസ്ത്രത്തെക്കുറിച്ചുള്ള വിമർശനപരമായ ചിന്ത രാഷ്ട്രീയ പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്നാണ്. ശാസ്ത്രത്തിന് സമൂഹവുമായുള്ള ബന്ധവും ജനാധിപത്യത്തെ കൂടുതൽ വിശാലവും ആഴമുള്ളതുമാക്കി മാറ്റുന്ന രാഷ്ടീയ പ്രക്രിയയിൽ അതിനുള്ള പങ്കാളിത്തവും മനസ്സിലാകണമെങ്കിൽ എന്താണ് ശാസ്ത്രം (സയൻസ്) എന്ന അടിസ്ഥാനപരമായ പ്രശ്നം നമ്മൾ ആദ്യമേ ചർച്ച ചെയ്യേണ്ടതുണ്ട്.

എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പ്രധാനമായും ശ്രമിച്ചിരുന്നത് തത്വചിന്തകരാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് അതിന്റെ രീതിശാസ്ത്രമാണ് (scientific method) എന്ന വീക്ഷണം അങ്ങിനെയാണ് രൂപപ്പെട്ടത്. 'ശാസ്ത്രീയ രീതി' എന്താണെന്ന് മനസിലാക്കാനായാൽ ശാസ്ത്രമെന്തെന്ന് പിടികിട്ടും എന്നാണ് അവർ കരുതിയത്‌. എങ്ങിനെയാണ് ശാസ്ത്രം 'വസ്തുനിഷ്ഠ'മായി പ്രകൃതിലോകത്തെ  അറിയുന്നത് എന്ന അന്വേഷണമായിരുന്നു ദാർശനികരുടേത്. ഈ തത്വശാസ്ത്ര പ്രശ്നം വായനക്കാർക്ക് പരിചിതമായതിനാൽ വിശദീകരിക്കുന്നില്ല (ധാരാളം മലയാള ലേഖനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണ്). 

കാൾ പോപ്പർ എന്ന തത്വചിന്തകനാണ് ഈ സംവാദത്തിലിടപ്പെട്ട്,  സൈദ്ധാന്തികാഭ്യൂഹങ്ങളുടെ നിരാകരണമാണ് (falsification), സമർത്ഥനമല്ല (verification) ശാസ്ത്രത്തിന്റെ രീതി എന്ന് ഉറപ്പിച്ചത്‌.  'കാക്കയുടെ നിറം കറുപ്പാണ് ' എന്ന പ്രസ്താവന ഉദാഹരണമായി എടുക്കാം. ഈ പ്രസ്താവനയെ നിരാകരിക്കാനായി മറ്റേതെങ്കിലും നിറമുള്ള ഒരൊറ്റ കാക്കയെ ഹാജരാക്കിയാൽ മതി: ഒരായിരം കാക്കകൾ കറുത്തതാണെങ്കിലും നേരത്തെ പറഞ്ഞ പ്രസ്താവന പൊളിഞ്ഞു പോകും. അതായത്, ഒരു പ്രസ്താവന ശാസ്ത്ര സത്യമാകണമെങ്കിൽ അത് നിരാകരിക്കപ്പെടാവുന്ന ഒന്നായിരിക്കണം (falsifiable) എന്നാണ് കാൾ പോപ്പറിന്റെ വാദം. നിരാകരണക്ഷമമല്ലാത്ത ഒരൊറ്റ പ്രസ്താവനയും ശാസ്ത്രീയമല്ല. 'ഡിങ്കൻ ഏകദൈവം' എന്ന പ്രസ്താവന ഉദാഹരണം. ഇത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല. മറ്റൊരു ദൈവത്തെ ഹാജരാക്കിയാലേ മേൽപറഞ്ഞ പ്രസ്താവന പൊളിയൂ (മത ചിന്ത മാത്രമല്ല, മാർക്സിസവും മനോവിശ്ശേഷണവുമൊക്കെ പോപ്പറിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയ രീതിയെ പിൻപറ്റുന്നവയല്ല). ദൈവമുണ്ട് എന്ന് വസ്തുതാപരമായി തെളിയിക്കാനാവില്ലല്ലോ.  എന്നാൽ 'പ്രകൃതി നിർദ്ധാരണത്തിലൂടെയാണ് ജീവജാതികൾ രൂപപ്പെടുന്നത് ' എന്ന പ്രസ്താവന ശാസ്ത്ര സത്യമാകുന്നത് പുതിയ ഡേറ്റയിലൂടെ അങ്ങിനെയല്ലെന്ന് സ്ഥാപിക്കാനുള്ള സാധ്യതയെ അത് തുറന്നിടുന്നതിനാലാണ്. അതായത്, തള്ളിക്കളയപ്പെടാനുള്ള അതിന്റെ തീവ്ര സാധ്യതയാണ് പരിണാമ സിദ്ധാന്തത്തെ ഒരു ശാസ്ത്രീയ സിദ്ധാന്തമാക്കുന്നത് (സിദ്ധാന്തം തെറ്റാണ് എന്ന് മന്ത്രി പുംഗവൻ പേർത്തും പേർത്തും പറഞ്ഞിട്ടു കാര്യമില്ല; ഡേറ്റ വേണം, ഡേറ്റ!) എന്നു ചുരുക്കം.

പോപ്പറിന്റെ സിദ്ധാന്തത്തെ ശാസ്ത്ര ചരിത്രത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധിക്കുകയായിരുന്നു തോമസ് കുൻ ചെയ്തത്. ഓരോ കാലഘട്ടത്തിലും ചില വിചാര മാതൃകകൾ (paradigms) ശാസ്ത്രത്തിൽ നിലനില്ക്കുന്നുണ്ട് എന്നും ഒരു വിചാര മാതൃകയ്ക്കുള്ളിൽ അതിനെ സാധൂകരിക്കുകയും വിപുലീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും കുൻ പറഞ്ഞു. നിലവിലുള്ള വിചാര മാതൃകയ്ക്ക് സംതൃപ്തികരമായി വിശദീകരിക്കാനാവാത്ത വസ്തുതകളും പ്രതിഭാസങ്ങളും കുമിഞ്ഞു കൂടുമ്പോൾ (anomalies) ശാസ്ത്രജ്ഞർക്കിടയിലെ യുവതുർക്കികൾ പുത്തൻ വിചാര വിപ്ലവത്തിന് (Scientific Revolution) തുടക്കം കുറിക്കുകയും അങ്ങനെ ആ വിചാര മാതൃക തകരുകയും മെച്ചപ്പെട്ട മറ്റൊന്ന് പകരം നിലവിൽ വരുകയും ചെയ്യും. ഇങ്ങനെയാണ് ശാസ്ത്ര ചിന്ത പുരോഗമിക്കുന്നത് എന്ന് കുൻ പറഞ്ഞു. ഫിസിക്സിലെ ന്യൂട്ടോണിയൻ വിചാര മാതൃകയെ തകർത്ത് ഐൻസ്റ്റീനിയൻ മാതൃക സ്ഥാപിക്കപ്പെട്ടത് ഉദാഹരണം. നാളെ ഈ പാരഡൈമും തകരാം (അതിന്റെ മണം തിയററ്റിക്കൽ ഫിസിക്സിൽ നിന്നും ദാ, വന്നു തുടങ്ങിയിട്ടുണ്ട്‌). ഇവിടെയും നിരാകരണ ക്ഷമത തന്നെയാണ് ശാസ്ത്രത്തിന്റെ ഈട്. പോപ്പർ വിചാരിച്ചതു പോലെ ഒറ്റപ്പെട്ട സിദ്ധാന്തങ്ങളുടെ തലത്തിലല്ല,  മറിച്ച് വിചാര മാതൃകകളാണ് നിരാകരണ വിധേയമാകുന്നതെന്നു മാത്രം. എന്നു മാത്രമല്ല, ഒരു വിചാര മാതൃക നിലവിൽ വരാനും തകർക്കപ്പെടാനും ദീർഘകാലം ആവശ്യമാണുതാനും. എന്തായാലും സ്വന്തം സിദ്ധാന്തങ്ങളെ / വിചാര മാതൃകകളെ മാറ്റിപണിയാനുള്ള അടിസ്ഥാന ശേഷിയാണ് ആധുനിക ശാസ്ത്രത്തെ ശക്തിമത്തും ഉദാത്തവുമായ അറിവാർജ്ജന രീതിയാക്കുന്നത് എന്ന് പോപ്പറും കൂനും (വ്യത്യസ്ത രീതികളിൽ) വാദിക്കുന്നു.

കൂനിന്റെ സമീപനം ശാസ്ത്ര ചിന്തയിലേക്ക് സാമൂഹികത (the social) എന്ന മാനം ശക്തമായി കടന്നു വരുന്നതിന് ഇടയാക്കി. അറിവിന്റെ നിർമ്മാണം ഒരു സാമൂഹിക പ്രക്രിയയാണെന്ന തിരിച്ചറിവിലേക്കത് നയിച്ചു. വിചാര മാതൃകയാണല്ലോ ഗവേഷകയുടെ ചിന്തയെയും അനുമാനങ്ങളെയും രൂപപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോൾ, കേവലം ശാസ്ത്ര പ്രതിഭയല്ല സിദ്ധാന്തങ്ങൾക്കു പുറകിൽ എന്നു വരുന്നു. അനുമാനങ്ങളിലെത്താൻ ശാസ്ത്രജ്ഞരെ സജ്ജരാക്കുന്നത് അവർ അനുവർത്തിക്കുന്ന ശാസ്ത്രീയ വിചാര മാതൃകയാണെന്നു വരുന്നു. സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് ചായുകയും ചെയ്യുന്നു എന്ന, നിരന്തരമായ നിരീക്ഷണങ്ങളുടെ ഫലമായ അനുമാനം ഉദാഹരണമായിട്ടെടുക്കാം. ഈ അനുമാനം തന്നെയാണ് സൂര്യൻ ഭൂമിയെ ചുറ്റുന്നുവെന്ന സിദ്ധാന്തത്തിനും പിന്നീട് അതിനെതിരെ സ്ഥാപിക്കപ്പെട്ട, ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന സിദ്ധാന്തത്തിനും ഒരു പോലെ താങ്ങായത്. ഒരേ ഡേറ്റയും അനുമാനവും രണ്ട് വ്യത്യസ്ത വിചാര മാതൃകകൾക്കുള്ളിൽ വ്യത്യസ്ത രീതികളിൽ വായിക്കപ്പെടുന്നു എന്നു ചുരുക്കം. കാൾ പോപ്പർ വിചാരിച്ചത്ര ലളിതവും സുതാര്യവുമല്ല ശാസ്ത്രത്തിന്റെ അറിവു നിർമ്മാണവും സാധൂകരണവും എന്ന തിരിച്ചറിവാണ് കൂൻ നല്കിയത്.

ഒരു വിചാര മാതൃക, ഗവേഷകർക്ക് തനതായ ഒരു ലോകവീക്ഷണം പ്രദാനം ചെയ്യുകയും അവരുടെ ചിന്തയുടെ വ്യാകരണഭാഷയായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന ഈ മനസിലാക്കൽ സാമൂഹികത അറിവിനെ സ്വാധീനിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തെ തുടർന്നും വികസിപ്പിക്കുന്നതിന് സാമൂഹിക ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അങ്ങനെ ശാസ്ത്രത്തിന്റെ പ്രജ്ഞാപരമായ (cognitive) തലം തികച്ചും സാമൂഹികമാണ് എന്ന ശക്തമായ തിരിച്ചറിവിലേക്കാണ് തോമസ് കൂനിനു ശേഷം ശാസ്ത്ര ദർശനം നീങ്ങിയത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതൽ ഒട്ടനവധി സോഷ്യോളജിസ്റ്റുകൾ, ശാസ്ത്ര ഗവേഷകർ ലബോറട്ടറികളിൽ ഏർപ്പെട്ടിരിക്കുന്ന പരീക്ഷണങ്ങളെ സശ്രദ്ധം നിരീക്ഷിച്ചു പഠിക്കാനാരംഭിച്ചു. പോപ്പർ വിചാരിച്ച മാതിരിയല്ല അറിവിന്റെ സമർത്ഥനവും സാധൂകരണവും ലബോറട്ടറികളിലെ ദൈനംദിന ജീവിത/പ്രവർത്തന സാഹചര്യങ്ങളിൽ നടക്കുന്നതെന്നും കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ടുകളിൽ മാത്രമാണ് 'ശാസ്ത്രീയ രീതി' തത്വചിന്തകർ വിചാരിച്ച രൂപത്തിൽ കാണപ്പെടുന്നതെന്നുമായിരുന്നു പുതിയ കണ്ടെത്തൽ. ശാസ്ത്രീയ രീതി ഒരു 'എഴുത്തു തന്ത്ര'മായിട്ടാണ് ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നതെന്നർത്ഥം. പരീക്ഷണശാലയിലാവട്ടെ അറിവിന്റെ രൂപീകരണം നടക്കുന്നത് സങ്കീർണമായ ഒരു സാമൂഹിക പ്രക്രിയയിലൂടെയാണ്. അവിടെ  സാമൂഹിക നിയമങ്ങളും സാംസ്കാരിക മുൻവിധികളും സാമ്പത്തിക ബന്ധങ്ങളും സജീവമായി ജ്ഞാന നിർമ്മാണത്തിൽ ഇടപെടുന്നുണ്ട്‌. ഭൗതീകവും ആശയപരവുമായ ഒട്ടനേകം വിഭവങ്ങളുടെ തന്ത്രപരമായ വിന്യാസത്തിലൂടെയും വിവിധ സാമൂഹിക സ്ഥാപനങ്ങളോടും മൂല്യവ്യവസ്ഥകളോടുമുള്ള ഇടപെടലുകളിലൂടെയുമാണ് ശാസ്ത്രം അറിവ് ഉല്പാദിപ്പിക്കുന്നത്‌. ഒറ്റ 'രീതി'യിൽ ഒതുക്കാവുന്നതല്ല ശാസ്ത്രം എന്നർത്ഥം. 

അപ്പോൾ, ശാസ്ത്രത്തിന്റെ സാമാന്യ രീതിയെന്ത് എന്ന ചോദ്യം ശാസ്ത്രത്തെ ഒരു സാമൂഹിക രൂപമെന്ന നിലയിൽ മനസിലാക്കുന്നതിന് സഹായകരമല്ല എന്നു വരുന്നു. ശാസ്ത്ര ചരിത്രത്തെ അതിന്റെ സങ്കീർണതയിൽ മനസിലാക്കുന്നതിനും ഈ സമീപനം ഒട്ടും സഹായകരമല്ല. ശാസ്ത്ര ജ്ഞാനത്തിന്റെ ഉല്പാദനം ഒരു ദൈനംദിന പ്രക്രിയയെന്ന നിലയിൽ നടക്കുന്നതെങ്ങനെ, ശാസ്ത്രം മറ്റ് സാമൂഹിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ, വിവിധ സാംസ്കാരിക-രാഷ്ട്രീയ വ്യവഹാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സാമ്പത്തിക പ്രക്രിയകൾ എന്നിവ  അതിനെ രൂപപ്പെടുത്തുന്നതെങ്ങനെ, ജാതി, ലിംഗപദവി, വംശീയത തുടങ്ങിയവ ശാസ്ത്രജ്ഞാനത്തെ നിർണയിക്കുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾ ശാസ്ത്രീയ രീതിയെ കുറിച്ചുള്ള പരമ്പരാഗത തത്വചിന്തയ്ക്ക് കൈകാര്യം ചെയ്യാനാവില്ല എന്നതാണ് പ്രശ്നം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശാസ്ത്രത്തിന്റെ ഈ സങ്കീർണമായ സാമൂഹികാടിസ്ഥാനത്തെയും പലമയെയും (multiplicity) മറച്ചു വെച്ച് അതിനെ അതിഭൗതികമായ ഒരു ജ്ഞാനരൂപമായി നിലനിർത്തുകയാണ് പരമ്പരാഗത ശാസ്ത്ര ദർശനം ചെയ്തത്.

കേരളത്തിലിന്ന് നടക്കുന്ന പൊതു ചർച്ചകളിൽ ശാസ്ത്രത്തെയും ശാസ്ത്രീയതയെയും ഉയർത്തിപ്പിടിക്കുന്നവർ നിർഭാഗ്യവശാൽ ഇടുങ്ങിയ ഈ ശാസ്ത്ര വീക്ഷണത്തിൽ ഊന്നുന്നവരാണ്‌. സിദ്ധാന്ത-നിരാകരണ ക്ഷമത എന്ന ഗുണത്തെ മാത്രം അടിസ്ഥാനമാക്കി ശാസ്ത്രത്തെ വിശദീകരിക്കാനുള്ള ശ്രമം അതിനെ സാമൂഹികേതരമായ ഒരു സത്യാന്വേഷണരീതിയായി പ്രതിഷ്ഠിക്കുന്നു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്രജ്ഞരുടെ ബുദ്ധിവൈഭവത്തിന്റെ പ്രകാശനം മാത്രമായി ആഘോഷിക്കപ്പെടുന്നു. ഐസക് ന്യൂട്ടണും ചാൾസ് ഡാർവിനും ഐൻസ്റ്റീനും സി.വി. രാമനും (എന്തിന്, ഒരു ശാസ്ത്ര ഗവേഷകനേ അല്ലാത്ത എ.പി.ജെ അബ്ദുൾ കലാം വരെ!) ജീനിയസ്സുകളായി വാഴ്ത്തപ്പെടുന്നതങ്ങനെയാണ്. അനുകൂലമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ ശാസ്ത്രം വളരാൻ ആവശ്യമാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ, ശാസ്ത്രത്തിന്റെ അകക്കാമ്പായ അറിവുല്പാദനത്തിന്റെ മേൽ സാമൂഹിക-രാഷ്ട്രീയ ബലതന്ത്രങ്ങൾക്ക് യാതൊരു സ്വാധീനവുമില്ല എന്നാണ് അവർ വാദിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മെച്ചപ്പെട്ട ഗവേഷണ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഗവേഷണ മുൻഗണനകൾ തീരുമാനിക്കുന്നതിലും തീരുന്നു ശാസ്ത്രത്തിന്റെ മേലുള്ള രാഷ്ട്രീയ-സാമൂഹിക സ്വാധീനം. മറ്റു സാമൂഹിക സ്ഥാപനങ്ങളെപ്പോലെ (മതം ഒരുദാഹരണം) അതിന്റെ അകക്കാമ്പ് സാംസ്ക്കാരികമായി നിർമ്മിക്കപ്പെട്ടതല്ല എന്നാണ് അവരുടെ വാദം. മതം പോലെയുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും അറിവു സമ്പ്രദായങ്ങളിൽ നിന്നും (ആയുർവേദം, ഹോമിയോപ്പതി, ലാട വൈദ്യം, ജ്യോതിഷം തുടങ്ങിയവ) വ്യത്യസ്തമായി ശാസ്ത്രത്തെ നയിക്കുന്നത് അതിന്റെ അതുല്യമായ രീതിശാസ്ത്രമാണ് എന്നും, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശാസ്ത്രീയ രീതി നമ്മൾക്ക് പിന്തുടരാനാകുമ്പോൾ മാത്രമേ സാമൂഹ്യ പുരോഗതി കൈവരൂ എന്നുമാണ് ഇത്തരം ശാസ്ത്ര സംരക്ഷകരുടെ അഭിപ്രായം. മറ്റ് സാമൂഹിക സ്ഥാപനങ്ങളിൽ നിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും ജ്ഞാനരൂപങ്ങളിൽ നിന്നും ഗുണപരമായി ഉയർന്ന നിലയിലുള്ളതും സാമൂഹികമായ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായകരവുമായ ഒരു ജ്ഞാനാർജ്ജന രീതിയാണ് ഇവർക്ക് ആധുനിക ശാസ്ത്രം. സാമൂഹിക-രാഷ്ടീയ ഘടകങ്ങൾക്ക് അതീതമായ അതിന്റെ നിലയാണ് ശാസ്ത്രത്തെ ഈ തരത്തിൽ ഉദാത്തവും സവിശേഷവുമാക്കുന്നതും അങ്ങനെ സാമൂഹിക പുരോഗമനത്തിന്റെ ചാലകശക്തിയാക്കുന്നതും എന്നാണ് വാദം. ഇവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യവല്ക്കരണം എന്നതിന്റെ പ്രാഥമിക വിവക്ഷ തന്നെ ശാസ്ത്രീയ രീതിയെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കലാണ്. ശാസ്ത്രീയ മനോഭാവം സാംസ്ക്കാരികമായി സ്വാംശീകരിച്ചിട്ടില്ലാത്ത സമൂഹങ്ങളാണ് അന്ധവിശ്വാസങ്ങളിലും മതാത്മകതയിലും ജനാധിപത്യവിരുദ്ധതയിലും ആഴ്ന്നു പോകുന്നതത്രേ. അതായത്, സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പുലരുന്ന ഒരു ജനാധിപത്യ സമൂഹം സാധ്യമാകുന്നതിനായി ശാസ്ത്രത്തെ ജ്ഞാനാടിസ്ഥാനമായി സ്വീകരിക്കേണ്ടി വരും. ശാസ്ത്രത്തിന്റെ ജ്ഞാന സിദ്ധാന്തപരമായ പ്രാമാണ്യത്തെ ചർച്ചകൾക്കതീതമായി എല്ലാവരും അംഗീകരിക്കുക വഴി മാത്രമേ ഒരു പൂർണ ജനാധിപത്യ സമൂഹം സാധ്യമാവുകയുള്ളൂ എന്നാണിവിടെ സൂചിപ്പിക്കപ്പെടുന്നത്. 

പക്ഷേ, ശാസ്ത്രത്തിന്റെ സാമൂഹികതയെ കുറിച്ചുള്ള പഠനങ്ങൾ മറ്റൊരു ചിത്രമാണ് നല്കുന്നത്. നമ്മുടെ സാംസ്കാരിക മുൻ വിധികളും ജാതീയതയും സ്ത്രീവിരുദ്ധതയും വംശീയതയും ഉൾപ്പടെയുള്ള എല്ലാ ജനാധിപത്യവിരുദ്ധ ശീലങ്ങളും ശാസ്ത്രത്തെ അറിവുല്പാദനമെന്ന അതിന്റെ പ്രാഥമിക തലത്തിൽ തന്നെ രൂപപ്പെടുത്തുന്നുണ്ട്. അതിനാൽ, ശാസ്ത്രത്തിന്റെ അറിവു നിർമ്മാണ പ്രക്രിയ ജനാധിപത്യപരമാവേണ്ടത് സാമൂഹ്യമാറ്റത്തിന്റെ മുന്നുപാധിയാണ്. വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് സർഗ്ഗാത്മകമായ പങ്കാളിത്തമുള്ളതും നിർമ്മിക്കപ്പെടുന്ന അറിവുകൾ ഉൾച്ചേർന്നിരിക്കുന്ന മൂല്യവ്യവസ്ഥയെ കുറിച്ചുള്ള നിരന്തരവും നിശിതവുമായ ആത്മവിമർശനത്തിൽ ഊന്നുന്നതുമായ ഒരു പുത്തൻ ശാസ്ത്രമാണ് ജനാധിപത്യ സമൂഹത്തിന് ആവശ്യം. ജനാധിപത്യത്തിന് പുറത്ത് അതിന്റെ വിമർശനാതീതമായ ആധാരം എന്ന നിലയിലല്ല, മറിച്ച് അടിയന്തിരമായി ജനാധിപത്യവല്ക്കരിക്കപ്പെടേണ്ട ഒരു സാമൂഹിക മേഖല എന്ന നിലയ്ക്കാണ് ശാസ്ത്രത്തെ മനസിലാക്കേണ്ടത്. സാമൂഹിക നീതിയിലധിഷ്ഠിതമായ മൂല്യങ്ങളെ ഉള്ളിൽ പേറുന്ന മെച്ചപ്പെട്ട ഒരു ശാസ്ത്രത്തെ രൂപപ്പെടുത്താനുള്ള ഭാവനാത്മകമായ ഇടപെടലുകൾ ജനാധിപത്യത്തെ വിശാലവും അഗാധവുമാക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. മറിച്ച്, ശാസ്ത്രത്തെ ജനാധിപത്യത്തിന്റെ തുറസ്സിനു പുറത്ത് പ്രതിഷ്ഠിക്കുന്നത് യഥാർത്ഥത്തിൽ ജനാധിപത്യത്തെ ദുർബലമാക്കുകയും ഫാസിസത്തിന് വഴിയൊരുക്കുകയുമേ ചെയ്യൂ. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ജനാധിപത്യം പ്രവർത്തനക്ഷമമാകണമെങ്കിൽ അറിവിന്റെ ഉല്പാദനവും (അതിന്റെ വിതരണത്തിനും സ്വാംശീകരണത്തിനുമൊപ്പം) ജനാധിപത്യപരമായേ പറ്റൂ. ശാസ്ത്രം എന്നത് ചരിത്രപരമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ജ്ഞാനരൂപമാണെന്നും അതിനാൽ തന്നെ മറ്റേതൊരു സാമൂഹിക സ്ഥാപനത്തേയും പോലെതന്നെ അതിനെ നിശിത വിമർശനത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രം നല്ലതോ ചീത്തയോ എന്ന ബാലിശവും സാങ്കല്പികവുമായ പ്രശ്നത്തിനപ്പുറത്തേക്ക് അറിവിനെ കുറിച്ചുള്ള സംവാദം നീളേണ്ടത് ജനാധിപത്യത്തിന്റെ ഉറപ്പു കൂട്ടുന്നതിന് അത്യന്താപേക്ഷിതമാണ്.

06.02.2018
ഡൂള്‍ ന്യൂസ്